"മനുഷ്യനിലുള്ള മൃഗത്തെ ചവുട്ടിത്താഴ്ത്തുക, മനുഷ്യനിലുള്ള മനുഷ്യനെ കെട്ടിപ്പിടിച്ചു പൊക്കിയെടുക്കുക - മനുഷ്യനെന്ന നിലയിലും, സാഹിത്യകാരെനെന്ന നിലയിലും എന്റെ കടമ അതാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. "
"ഞാന്‍ എന്റെ സാഹിത്യം മെച്ചപ്പെടുത്താനല്ല എഴുതുന്നത്‌. ജീവിതത്തിലെ സങ്കീർണ്ണമായ വിഷയങ്ങൾ പരിശോധിക്കാനുള്ള ആത്മാർത്ഥവും സത്യസന്ധവുമായ ശ്രമമാണ് എനിക്ക് സാഹിത്യം. "

പി.കേശവദേവ്


1904 ഓഗസ്റ്റ് മാസത്തിൽ വടക്കൻ പറവൂർ കെടാമംഗലത്ത് ജനിച്ചു. അച്ഛൻ ആലുവദേശത്ത് കൊച്ചുവീട്ടിൽ പപ്പുപിള്ള. അമ്മ പറവൂർ കെടാമംഗലത്ത് നല്ലെടത്തു വീട്ടിൽ കാർത്യായനിയമ്മ. പതിനെട്ടാം വയസ്സിൽ ആര്യസമാജത്തിൽ ചേർന്നപ്പോഴാണ് കേശവപിള്ള എന്ന പേര് കേശവദേവ് എന്നു മാറ്റിയത്.പറവൂർ പ്രൈമറി സ്കൂളിലും ഇംഗ്ലീഷ് ഹൈസ്കൂളിലുമായിരുന്നു വിദ്യാഭ്യാസം. മൂന്നാം ഫാറംവരെ മാത്രമേ ഔപചാരിക വിദ്യാഭ്യാസം നേടിയുള്ളു.

ആദ്യകാല കമ്മ്യൂണിസ്റ്റ് ആശയപ്രചാരകനും തൊഴിലാളിസംഘടനാ പ്രവർത്തകനുമാണ് കേശവദേവ്.പിൽക്കാലത്ത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കടുത്ത വിമർശകനുമായി.ആദ്യകാലത്തെ സാഹിത്യരചനകൾ സാമുഹികവിമർശനപരമായ ലേഖനങ്ങളായിരുന്നു. പിന്നീടാണ് ചെറുകഥാരചനയിലേക്കു കടന്നത്. ബാരിസ്റ്റർ എ.കെ.പിള്ള ഇംഗ്ലണ്ടിലേക്കു പോയപ്പോള്‍ കുറേക്കാലം 'സ്വദേശാഭിമാനി'യുടെ നടത്തിപ്പുകാരനുമായി. 'മലയാളരാജ്യ'ത്തിന്റെ പത്രാധിപസമിധി അംഗവും 'ഭജേഭാരത'ത്തിന്റെ പത്രാധിപരുമായിരുന്നു. ഏതാനും വർഷം കേശവദേവ് ആകാശവാണിയിലും ജോലി ചെയ്തു. പ്രശസ്തനായ വാഗ്മിയായിരുന്നു കേശവദേവ്. 1966-68 കാലത്തു സാഹിത്യപ്രവർത്തക സഹകരണസംഘത്തിന്റെ പ്രസിഡന്റായിരുന്നു. 1974 മുതൽ 1977 വരെ കേരള സാഹിത്യ അക്കാദമിയുടെ അധ്യക്ഷനായും പ്രവർത്തിച്ചു.

1964-ലെ കേന്ദ്രസാഹിത്യഅക്കാദമി അവാർഡ് അയൽക്കാർ എന്ന നോവലിന് ലഭിച്ചു.കേരള സാഹിത്യഅക്കാദമി ഫെലോഷിപ്പും സോവിയറ്റ്‌ലാന്‍ഡ്‌ നെഹ്‌റു അവാർഡും കേശവദേവിനു ലഭിച്ചിട്ടുണ്ട്. 1983 ജൂലൈ ഒന്നിന് കേശവദേവ് അന്തരിച്ചു.